Kerala
പാലക്കാട്: വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളി മർദനമേറ്റ് മരിച്ച കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഛത്തീസ്ഗഡ് സ്വദേശി രാംനാരായണൻ കൊല്ലപ്പെട്ട കേസിൽ ഇതുവരെ അഞ്ചു പേരാണ് അറസ്റ്റിലായിരിക്കുന്നത്.
പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം വിവരശേഖരണം ആരംഭിച്ചു.
മോഷ്ടാവാണെന്നു സംശയിച്ചാണ് ആൾക്കൂട്ടം രാംനാരായണനെ ആക്രമിച്ചത്. കഞ്ചിക്കോട് കിംഫ്രയിൽ ജോലി തേടിയാണ് രാംനാരായണൻ ഒരാഴ്ച മുമ്പ് പാലക്കാട്ടെത്തിയത്. പരിചയമില്ലാത്ത സ്ഥലം ആയതിനാൽ വഴിതെറ്റിയാണ് വാളയാറിലെ അട്ടപ്പള്ളത്തെത്തിയത്.
Kerala
തിരുവനന്തപുരം: പീഡനപരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്രൈംബ്രാഞ്ചിന് മുന്നില്‍ തിങ്കളാഴ്ച ഹാജരായേക്കില്ല. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചില്ലെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ ഹാജരാകുമെന്നും രാഹുൽ പറഞ്ഞു.
തിരുവനന്തപുരം ജില്ലാ കോടതിയിൽ നിന്നുള്ള മുൻകൂർജാമ്യ വ്യവസ്ഥയിൽ 15 ന് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്ന് അറിയിച്ചിരുന്നു. അതേസമയം രാഹുലിന്റെ ചോദ്യം ചെയ്യൽ തിങ്കളാഴ്ചത്തെ ഹൈക്കോടതിയുടെ അപ്പീൽ തീരുമാനമനുസരിച്ചാകുമെന്നും സൂചനയുണ്ട്.
ആദ്യത്തെ പരാതിയിൽ രാഹുലിനെ തത്കാലത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ കേസിൽ വിശദമായ വാദം തിങ്കളാഴ്ച നടക്കും.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കെപിസിസിക്ക് പരാതി നൽകിയ യുവതി ക്രൈംബ്രാഞ്ചിന് മൊഴി നൽകും. മൊഴി നൽകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ബംഗളൂരു സ്വദേശിയായ യുവതിയുമായി ബന്ധപ്പെട്ടിരുന്നു.
ഇതിനു മറുപടിയായിട്ടാണ് യുവതി രംഗത്തെത്തിയത്. കെപിസിസി പ്രസിഡന്റിന് ലഭിച്ച പരാതി ഡിജിപിക്കു കൈമാറിയതിനു പിന്നാലെയാണ് രാഹുലിനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്.
എന്നാൽ ക്രൈംബ്രാഞ്ച് മുൻപ് ബന്ധപ്പെട്ടപ്പോൾ യുവതി മൊഴി നൽകിയിരുന്നില്ല. അവധിക്കു നാട്ടിൽ എത്തിയപ്പോൾ വിവാഹവാഗ്ദാനം നൽകി ഹോംസ്റ്റേയിൽ എത്തിച്ചു ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ലൈംഗികാതിക്രമക്കേസിൽ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് സംഘം. പരാതി നല്കിയവരുടെയും യുവതികളുമായി സംസാരിച്ചവരുടെയും മൊഴിയാണ് രേഖപ്പെടുത്തുന്നത്. മൂന്ന് വനിതാ മാധ്യമ പ്രവര്‍ത്തകരുടെ മൊഴിയും രേഖപ്പെടുത്തും.
പീഡനത്തിന്റെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം. രാഹുല്‍ മാങ്കൂട്ടത്തില്‍ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയെന്ന ആരോപണത്തിൽ യുവതികളുടെ ചികിത്സാ രേഖകളും ശേഖരിക്കും. യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയെന്ന് കരുതപ്പെടുന്ന ബെംഗളൂരുവിലെ ആശുപത്രിയില്‍ നിന്നടക്കം ക്രൈംബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
രാഹുലിനെതിരായ ലൈംഗികാതിക്രമ കേസില്‍ തിരുവനന്തപുരം ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നു. അഞ്ച് പേരുടെ പരാതികളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പിന്തുടര്ന്ന് ശല്യം ചെയ്തു, സ്ത്രീകളെ ഫോണില്‍ ഭീഷണിപ്പെടുത്തി. ഗര്‍ഭഛിദ്രത്തിന് ഭീഷണിപ്പെടുത്തി സന്ദേശങ്ങള്‍ അയച്ചു തുടങ്ങിയ കുറ്റങ്ങളാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.